സങ്കീർത്തനങ്ങൾ 129 Psalms 129

സീയോന്റെ ശത്രുക്കള്‍ക്കെതിരേ

1 ഇസ്രായേല്‍ ഇപ്പോള്‍ പറയട്ടെ, ചെറുപ്പം മുതല്‍ എന്നെ അവര്‍ എത്രയധികമായി പീഡിപ്പിച്ചു!

2 ചെറുപ്പംമുതല്‍ എന്നെ അവര്‍ അതികഠിനമായി പീഡിപ്പിച്ചു; എന്നിട്ടും, അവര്‍ എന്റെ മേല്‍ വിജയം നേടിയില്ല.

3 ഉഴവുകാര്‍ എന്റെ മുതുകില്‍ ഉഴുതു; അവര്‍ നീളത്തില്‍ ഉഴവുചാലു കീറി.

4 കര്‍ത്താവു നീതിമാനാണ്; ദുഷ്ടരുടെ ബന്ധനങ്ങളില്‍നിന്ന്അവിടുന്ന് എന്നെ മോചിപ്പിച്ചു.

5 സീയോനെ വെറുക്കുന്നവര്‍ലജ്ജിച്ചു പിന്തിരിയട്ടെ!

6 അവര്‍ പുരപ്പുറത്തെ പുല്ലുപോലെയാകട്ടെ! അത് വളരുന്നതിനുമുന്‍പ് ഉണങ്ങിപ്പോകുന്നു.

7 അതു കൊയ്യുന്നവന്റെ കൈ നിറയുന്നില്ല; കറ്റകെട്ടുന്നവന്റെ മടിയും നിറയുന്നില്ല.

8 കര്‍ത്താവിന്റെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകട്ടെ! കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നു വഴിപോക്കര്‍ അവരെനോക്കി പറയുന്നില്ല.