സങ്കീർത്തനങ്ങൾ 14 Psalms 14

ദൈവനിഷേധകന്റെ മൗഢ്യം

1 ദൈവമില്ല എന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു; മ്‌ളേച്ഛതയില്‍ മുഴുകി അവര്‍ ദുഷിച്ചിരിക്കുന്നു; നന്‍മ ചെയ്യുന്നവര്‍ ആരുമില്ല.

2 കര്‍ത്താവു സ്വര്‍ഗത്തില്‍ നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു.

3 എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി; നന്‍മ ചെയ്യുന്നവനില്ല, ഒരുവന്‍ പോലുമില്ല.

4 ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്റെ ജനത്തെ അപ്പംപോലെ തിന്നൊടുക്കുന്നു; ഇവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നില്ല.

5 അവിടെ അവരെ പരിഭ്രാന്തി പിടികൂടും; എന്തെന്നാല്‍ ‍, ദൈവം നീതിമാന്‍മാരോടു കൂടെയാണ്.

6 നിങ്ങള്‍ ദരിദ്രന്റെ പ്രതീക്ഷകളെ തകര്‍ക്കാന്‍ നോക്കും; എന്നാല്‍ ‍, കര്‍ത്താവ് അവന് അഭയമായുണ്ട്.

7 ഇസ്രായേലിന്റെ വിമോചനം സീയോനില്‍ നിന്നു വന്നിരുന്നെങ്കില്‍ ‍! കര്‍ത്താവു തന്റെ ജനതയുടെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ യാക്കോബ് ആനന്ദിക്കും; ഇസ്രായേല്‍ സന്തോഷിക്കും.