രോഗിയുടെ രോദനം
1 കര്‍ത്താവേ, അങ്ങയുടെ കോപത്തില്‍ എന്നെ ശാസിക്കരുതേ! അങ്ങയുടെ ക്രോധത്തില്‍ എന്നെ ശിക്ഷിക്കരുതേ!
2 അങ്ങയുടെ അസ്ത്രങ്ങള്‍ എന്നില്‍ ആഞ്ഞുതറച്ചിരിക്കുന്നു; അങ്ങയുടെ കരം എന്റെ മേല്‍ പതിച്ചിരിക്കുന്നു.
3 അങ്ങയുടെ രോഷംമൂലം എന്റെ ശരീരത്തില്‍ സ്വസ്ഥതയില്ല; എന്റെ പാപം നിമിത്തം എന്റെ അസ്ഥികളില്‍ ആരോഗ്യവുമില്ല.
4 എന്റെ അകൃത്യങ്ങള്‍ എന്റെ തലയ്ക്കു മുകളില്‍ ഉയര്‍ന്നിരിക്കുന്നു; അത് എനിക്കു താങ്ങാനാവാത്ത ചുമടായിരിക്കുന്നു.
5 എന്റെ ഭോഷത്തംമൂലം എന്റെ വ്രണങ്ങള്‍ അഴുകിനാറുന്നു.
6 ഞാന്‍ കുനിഞ്ഞു നിലംപറ്റി; ദിവസം മുഴുവന്‍ ഞാന്‍ വിലപിച്ചു കഴിയുന്നു.
7 എന്റെ അരക്കെട്ടു ജ്വരംകൊണ്ടു പൊള്ളുന്നു; എന്റെ ശരീരത്തിനു തീരെ സൗഖ്യമില്ല.
8 ഞാന്‍ തീര്‍ത്തും ക്ഷീണിച്ചു തകര്‍ന്നിരിക്കുന്നു; ഹൃദയക്‌ഷോഭം നിമിത്തം ഞാന്‍ നെടുവീര്‍പ്പിടുന്നു.
9 കര്‍ത്താവേ, എന്റെ ആഗ്രഹങ്ങള്‍ അങ്ങേക്കറിയാമല്ലോ; എന്റെ തേങ്ങല്‍ അങ്ങേക്ക് അജ്ഞാതമല്ല.
10 എന്റെ ഹൃദയം തുടിക്കുന്നു; എന്റെ ശക്തി ക്ഷയിക്കുന്നു; കണ്ണുകളുടെ പ്രകാശവും എനിക്കുനഷ്ടപ്പെട്ടിരിക്കുന്നു.
11 എന്റെ സുഹൃത്തുക്കളും കൂട്ടുകാരുംമഹാമാരി നിമിത്തം എന്നില്‍ നിന്ന് അകന്നു നില്‍ക്കുന്നു; ഉറ്റവര്‍ അകന്നുമാറുന്നു.
12 എന്റെ ജീവനെ വേട്ടയാടുന്നവര്‍ കെണികളൊരുക്കുന്നു; എന്നെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിനാശത്തെപ്പറ്റി സംസാരിക്കുന്നു; അവര്‍ ദിവസം മുഴുവനും വഞ്ചന നിനയ്ക്കുന്നു.
13 ഞാന്‍ ബധിരനെപ്പോലെയാണ്, ഒന്നും കേള്‍ക്കുന്നില്ല; വായ് തുറക്കാത്ത മൂകനെപ്പോലെയാണു ഞാന്‍ .
14 ചെവികേള്‍ക്കാത്തവനെപ്പോലെയാണു ഞാന്‍ ; ഞാന്‍ ഒരു മറുപടിയും പറയുന്നില്ല.
15 കര്‍ത്താവേ, അങ്ങേക്കുവേണ്ടിയാണു ഞാന്‍ കാത്തിരിക്കുന്നത്; എന്റെ ദൈവമായ കര്‍ത്താവേ, അങ്ങാണ് എനിക്ക് ഉത്തരമരുളേണ്ടത്.
16 ഇതാണ് എന്റെ പ്രാര്‍ഥന: എന്റെ കാല്‍ വഴുതുമ്പോള്‍ അഹങ്കരിക്കുന്നവര്‍ എന്നെ പ്രതി സന്തോഷിക്കാന്‍ ഇടയാക്കരുതേ!
17 ഇതാ, ഞാന്‍ വീഴാറായിരിക്കുന്നു, വേദന എന്നെ വിട്ടുപിരിയുന്നില്ല.
18 ഞാന്‍ എന്റെ അകൃത്യങ്ങള്‍ ഏറ്റുപറയുന്നു; എന്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു.
19 അകാരണമായി എന്റെ ശത്രുക്കളായിത്തീര്‍ന്നവര്‍ ശക്തരാണ്; അന്യായമായി എന്നെ വെറുക്കുന്നവര്‍ അനേകരത്രേ.
20 നന്‍മയ്ക്കു പ്രതിഫലമായി അവര്‍ എന്നോടു തിന്‍മ ചെയ്യുന്നു; ഞാന്‍ നന്‍മ ചെയ്യുന്നതുകൊണ്ടാണ് അവര്‍ എന്റെ വിരോധികളായത്.
21 കര്‍ത്താവേ, എന്നെ കൈവിടരുതേ! എന്റെ ദൈവമേ, എന്നില്‍ നിന്ന് അകന്നിരിക്കരുതേ!
22 എന്റെ രക്ഷയായ കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!