സങ്കീർത്തനങ്ങൾ 55 Psalms 55

സ്‌നേഹിതനാല്‍ വഞ്ചിക്കപ്പെട്ടവന്‍

1 ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചനകള്‍ നിരസിക്കരുതേ!

2 എന്റെ പ്രാര്‍ഥന കേട്ട് എനിക്ക് ഉത്തരമരുളണമേ! കഷ്ടതകള്‍ എന്നെ അടിപ്പെടുത്തിയിരിക്കുന്നു.

3 ശത്രുവിന്റെ അട്ടഹാസത്താലും ദുഷ്ടരുടെ പീഡനത്താലും ഞാന്‍ പരിഭ്രാന്തനായിരിക്കുന്നു; അവര്‍ എന്നോടു ദ്രോഹം ചെയ്യുന്നു; കോപത്തോടെ എനിക്കെതിരേ ശത്രുത പുലര്‍ത്തുന്നു.

4 എന്റെ ഹൃദയം വേദനകൊണ്ടു പിടയുന്നു, മരണഭീതി എന്റെ മേല്‍ നിപതിച്ചിരിക്കുന്നു.

5 ഭയവും വിറയലും എന്നെ പിടികൂടിയിരിക്കുന്നു, പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു.

6 ഞാന്‍ പറഞ്ഞു: പ്രാവിനെപ്പോലെ ചിറകുണ്ടായിരുന്നെങ്കില്‍ ‍, ഞാന്‍ പറന്നു പോയി വിശ്രമിക്കുമായിരുന്നു.

7 ഞാന്‍ വിദൂരങ്ങളില്‍ ചുറ്റിത്തിരിയുമായിരുന്നു; വിജനതയില്‍ ഞാന്‍ വസിക്കുമായിരുന്നു.

8 കൊടുങ്കാറ്റില്‍ നിന്നും ചുഴലിക്കാറ്റില്‍ നിന്നും ബദ്ധപ്പെട്ട് അകന്നു സങ്കേതം തേടുമായിരുന്നു.

9 കര്‍ത്താവേ, അവരുടെ ഉദ്യമങ്ങളെ പരാജയപ്പെടുത്തണമേ! അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ! നഗരത്തില്‍ ഞാന്‍ അക്രമവും കലഹവും കാണുന്നു.

10 രാവും പകലും അവര്‍ അതിന്റെ മതിലുകളില്‍ ചുറ്റിനടക്കുന്നു; അതിന്റെ ഉള്ളില്‍ ഉപജാപങ്ങളും കുഴപ്പങ്ങളുമാണ്.

11 അതിന്റെ മധ്യേ വിനാശം കുടികൊള്ളുന്നു; അതിന്റെ തെരുവുകളില്‍ നിന്നു മര്‍ദനവും വഞ്ചനയും വിട്ടുമാറുന്നില്ല.

12 ശത്രുവല്ല എന്നെ നിന്ദിക്കുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എതിരാളിയല്ല എന്നോടു ധിക്കാരപൂര്‍വം പെരുമാറുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ അവനില്‍ നിന്നു മറഞ്ഞിരിക്കുമായിരുന്നു.

13 എന്നാല്‍ ‍, എന്റെ സഹചരനും ചങ്ങാതിയും ഉറ്റസ്‌നേഹിതനുമായിരുന്ന നീ തന്നെയാണ് അതു ചെയ്തത്.

14 നമ്മള്‍ ഉള്ളുതുറന്നു സംസാരിക്കുമായിരുന്നു; നമ്മെളൊന്നിച്ചു ദേവാലയത്തില്‍ കൂട്ടായ്മ ആചരിക്കുമായിരുന്നു.

15 അവരെ മരണം പിടികൂടട്ടെ; ജീവനോടെ അവര്‍ പാതാളത്തില്‍ പതിക്കട്ടെ! അവരുടെ ഭവനത്തില്‍ ‍, അവരുടെഹൃദയത്തില്‍ ‍, തിന്‍മ കുടികൊള്ളുന്നു.

16 ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു, കര്‍ത്താവ് എന്നെ രക്ഷിക്കും.

17 സന്ധ്യയിലും പ്രഭാതത്തിലും മധ്യാഹ്‌നത്തിലും ഞാന്‍ ആവലാതിപ്പെട്ടു കരയും; അവിടുന്ന് എന്റെ സ്വരം കേള്‍ക്കും.

18 ഈയുദ്ധത്തില്‍ അനേകര്‍ എനിക്കെതിരേ അണിനിരന്നിരിക്കുന്നു; അവിടുന്ന് എന്നെ കാത്തുപാലിക്കും.

19 അനാദികാലം മുതലേ സിംഹാസനസ്ഥനായ ദൈവം എന്റെ പ്രാര്‍ഥന കേട്ട് അവരെ ലജ്ജിതരാക്കും; എന്തെന്നാല്‍ , അവര്‍ കല്‍പന പാലിക്കുന്നില്ല, ദൈവത്തെ ഭയപ്പെടുന്നുമില്ല.

20 എന്റെ കൂട്ടുകാരന്‍ തന്റെ സുഹൃത്തുക്കള്‍ക്കെതിരായി കൈനീട്ടി; അവന്‍ തന്റെ ഉടമ്പടി ലംഘിച്ചു.

21 അവന്റെ സംസാരം വെണ്ണയെക്കാള്‍ മൃദുലമായിരുന്നു, പക്‌ഷേ, അവന്റെ ഹൃദയത്തിലോ പടയൊരുക്കം. അവന്റെ വാക്കുകള്‍ എണ്ണയെക്കാള്‍ മയമുള്ളവ, എന്നാല്‍ ‍, അവ ഉറയൂരിയ വാളുകള്‍ ആയിരുന്നു.

22 നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക, അവിടുന്നു നിന്നെ താങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നു സമ്മതിക്കുകയില്ല.

23 ദൈവമേ, അങ്ങ് അവരെ അത്യഗാധത്തിലേക്കു തള്ളിവീഴ്ത്തും; രക്തദാഹികളും വഞ്ചകരും ആയുസ്‌സിന്റെ പകുതി എത്തുകയില്ല; എന്നാല്‍ ‍, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.