സങ്കീർത്തനങ്ങൾ 67 Psalms 67

ദൈവത്തിന്റെ രക്ഷാകര ശക്തി

1 ദൈവം നമ്മോടു കൃപ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടുന്നു തന്റെ പ്രീതി നമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!

2 അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ രക്ഷാകര ശക്തിസകല ജനതകളുടെയിടയിലും അറിയപ്പെടേണ്ടതിനു തന്നെ.

3 ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.

4 ജനതകളെല്ലാം ആഹ്‌ളാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ! അങ്ങു ജനതകളെ നീതിപൂര്‍വം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.

5 ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!

6 ഭൂമി അതിന്റെ വിളവു നല്‍കി, ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിച്ചു.

7 അവിടുന്നു നമ്മെ അനുഗ്രഹിച്ചു. ഭൂമി മുഴുവന്‍ അവിടുത്തെ ഭയപ്പെടട്ടെ!