പ്രഭാഷകൻ 18 Sirach 18

ദൈവത്തിന്റെ മഹത്വം

1 എന്നേക്കും ജീവിക്കുന്നവന്‍പ്രപഞ്ചം സൃഷ്ടിച്ചു.

2 കര്‍ത്താവ് മാത്രമാണ് നീതിമാന്‍.

3 അവിടുത്തെ പ്രവൃത്തി വിളംബരംചെയ്യാന്‍ പോരുന്ന ശക്തി ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ല.

4 അവിടുത്തെ മഹത്തായ പ്രവൃത്തികള്‍അളക്കാന്‍ ആര്‍ക്കു കഴിയും?

5 അവിടുത്തെ മഹത്വപൂര്‍ണമായ ശക്തിതിട്ടപ്പെടുത്താന്‍ ആര്‍ക്കു സാധിക്കും? അവിടുത്തെ കാരുണ്യം വര്‍ണിക്കാന്‍ആര്‍ക്കു കഴിയും?

6 അവ കൂട്ടുകയോ കുറയ്ക്കുകയോ സാധ്യമല്ല; അവിടുത്തെ അദ്ഭുതങ്ങളെ അളക്കാന്‍ആര്‍ക്കും കഴിയുകയില്ല.

7 മനുഷ്യന്റെ അന്വേഷണംഅങ്ങേയറ്റത്തെത്തിയാലും അവന്‍ ആരംഭത്തില്‍ത്തന്നെ നില്‍ക്കുകയേ ഉള്ളു; അവന് അത് എന്നും പ്രഹേളികയായിരിക്കും.

8 മനുഷ്യന്‍ എന്താണ്? അവനെക്കൊണ്ട് എന്തു പ്രയോജനം? എന്താണ് അവനിലെ നന്‍മയും തിന്‍മയും?

9 മനുഷ്യന്‍ നൂറു വയസ്‌സുവരെ ജീവിച്ചാല്‍ അതു ദീര്‍ഘായുസ്‌സാണ്.

10 നിത്യതയോടു തുലനംചെയ്യുമ്പോള്‍ഈ ഏതാനും വത്‌സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളിവെള്ളം പോലെയും ഒരു മണല്‍ത്തരിപോലെയും മാത്രം.

11 അതിനാല്‍, കത്താവ് അവരോടുക്ഷമിക്കുകയും അവരുടെമേല്‍കാരുണ്യം വര്‍ഷിക്കുകയും ചെയ്യുന്നു.

12 അവരുടെ അവസാനം തിക്തമാണെന്ന്അവിടുന്ന് കണ്ടറിയുന്നു; അതിനാല്‍, അവരോടു വലിയ ക്ഷമ കാണിക്കുന്നു.

13 മനുഷ്യന്റെ സഹതാപം അയല്‍ക്കാരോടാണ്; എന്നാല്‍, കര്‍ത്താവ് സകല ജീവജാലങ്ങളോടും ആര്‍ദ്രത കാണിക്കുന്നു. അവിടുന്ന് അവരെ ശാസിക്കുന്നു; അവര്‍ക്കു ശിക്ഷണവുംപ്രബോധനവും നല്‍കുന്നു; ഇടയന്‍ ആടുകളെ എന്നപോലെ അവരെ തിരിച്ചു കൊണ്ടുവരുകയും ചെയ്യുന്നു.

14 തന്റെ നീതിവിധികളില്‍ താത്പര്യമുള്ളവരോടും തന്റെ ശിക്ഷണം സ്വീകരിക്കുന്നവരോടുംഅവിടുന്ന് ആര്‍ദ്രത കാണിക്കുന്നു.

15 മകനേ, നിന്റെ സത്പ്രവൃത്തികളില്‍നിന്ദകലര്‍ത്തരുത്; സമ്മാനം നല്‍കുമ്പോള്‍ വേദനാജനകമായി സംസാരിക്കരുത്.

16 മഞ്ഞ് കഠിനമായ ചൂടു കുറയ്ക്കുന്നില്ലേ? നല്ല വാക്ക് ദാനത്തെക്കാള്‍ വിശിഷ്ടമാണ്.

17 നല്ല വാക്ക് വിലയുറ്റ സമ്മാനത്തെഅതിശയിക്കുകയില്ലേ? കാരുണ്യവാനില്‍ ഇവ രണ്ടും കാണപ്പെടുന്നു.

18 ഭോഷന്‍ കാരുണ്യരഹിതനും നിന്ദകനുമാണ്; വിദ്വേഷത്തോടെയുള്ള ദാനംകണ്ണിന്റെ തിളക്കം കെടുത്തുന്നു.

19 കാര്യം ഗ്രഹിച്ചതിനുശേഷം സംസാരിക്കുക; രോഗം പിടിപെടുന്നതിനുമുമ്പ്ആരോഗ്യത്തെക്കുറിച്ചു ചിന്തിക്കുക.

20 ന്യായവിധിക്കു മുമ്പു നിന്നെത്തന്നെപരിശോധിക്കുക; വിധിവേളയില്‍ നിനക്കു മാപ്പു ലഭിക്കും.

21 വീഴുംമുമ്പ് വിനീതനാവുക; പാപം ചെയ്തുപോകുംമുമ്പ് പിന്തിരിയുക.

22 നേര്‍ച്ച യഥാകാലം നിറവേറ്റുന്നതില്‍നിന്ന് ഒന്നും നിന്നെതടസ്‌സപ്പെടുത്താതിരിക്കട്ടെ; അതു നിറവേറ്റുവാന്‍മരണംവരെകാത്തിരിക്കരുത്.

23 നേര്‍ച്ച നേരുന്നതിനു മുമ്പു നന്നായിചിന്തിക്കുക; കര്‍ത്താവിനെ പരീക്ഷിക്കുന്നവനെപ്പോലെ ആകരുത്.

24 മരണദിനത്തില്‍ നിനക്കു നേരിടേണ്ട അവിടുത്തെ കോപത്തെക്കുറിച്ചും അവിടുന്ന് മുഖം തിരിച്ചുകളയുന്ന പ്രതികാര നിമിഷത്തെക്കുറിച്ചും ചിന്തിക്കുക.

25 സമൃദ്ധിയുടെ കാലത്ത് വിശപ്പിനെക്കുറിച്ചും , സമ്പത്തുകാലത്ത് ദാരിദ്ര്യത്തെയുംവറുതിയെയും കുറിച്ചും ചിന്തിക്കുക.

26 പ്രഭാതംമുതല്‍ പ്രദോഷംവരെഅവസ്ഥാഭേദം വന്നുകൊണ്ടിരിക്കുന്നു. കര്‍ത്താവിന്റെ മുമ്പില്‍ എല്ലാ വസ്തുക്കളും അതിവേഗം ചരിക്കുന്നു.

27 ബുദ്ധിമാന്‍ എല്ലാ കാര്യങ്ങളിലുംശ്രദ്ധാലുവായിരിക്കും; പാപത്തിന്റെ നാളുകളില്‍ദുഷ്പ്രവൃത്തികള്‍ക്കെതിരേഅവന്‍ ജാഗരൂകത പുലര്‍ത്തും.

28 ബുദ്ധിമാന്‍ ജ്ഞാനത്തെ അറിയുന്നു; അവളെ കണ്ടെത്തുന്നവനെ അവന്‍ പുകഴ്ത്തുകയും ചെയ്യും.

29 ജ്ഞാനത്തിന്റെ വചസ്‌സുകള്‍ ഗ്രഹിക്കുന്നവന്‍ പാണ്‍ഡിത്യം നേടും; അവന്‍ സൂക്തങ്ങള്‍ അവസരോചിതമായി മൊഴിയും.

30 അധമവികാരങ്ങള്‍ക്കു കീഴടങ്ങാതെതൃഷ്ണ നിയന്ത്രിക്കുക.

31 അധമവികാരങ്ങളില്‍ ആനന്ദിച്ചാല്‍,നീ ശത്രുക്കള്‍ക്കുപരിഹാസപാത്രമായിത്തീരും.

32 ആഡംബരത്തില്‍ മതിമറക്കരുത്;അതു നിന്നെ ദരിദ്രനാക്കും,

33 കൈയില്‍ ഒന്നുമില്ലാത്തപ്പോള്‍ കടം വാങ്ങി, വിരുന്നു നടത്തി,ഭിക്ഷക്കാരനായിത്തീരരുത്.