പ്രഭാഷകൻ 34 Sirach 34

വ്യര്‍ഥ സ്വപ്നങ്ങള്‍

1 അവിവേകിയുടെ പ്രതീക്ഷകള്‍വ്യര്‍ഥവും നിരര്‍ഥകവുമാണ്; സ്വപ്നങ്ങള്‍ ഭോഷന്‍മാര്‍ക്കുചിറകു നല്‍കുന്നു.

2 സ്വപ്നങ്ങളെ ആശ്രയിക്കുന്നവന്‍ നിഴലിനെ പിടിക്കുന്നവനെപ്പോലെയും കാറ്റിനെ അനുധാവനം ചെയ്യുന്നവനെപ്പോലെയുമാണ്.

3 സ്വപ്നത്തിലെ ദര്‍ശനംയഥാര്‍ഥമുഖത്തിന്റെ പ്രതിച്ഛായമാത്രമാണ്.

4 അശുദ്ധിയില്‍നിന്നു ശുദ്ധിയുണ്ടാകുമോ? അസത്യത്തില്‍നിന്നു സത്യവും?

5 ഗര്‍ഭിണിയുടെ ഭാവനപോലെ ശകുനം,നിമിത്തം, സ്വപ്നം ഇവയെല്ലാം മിഥ്യയാണ്.

6 അത്യുന്നതനില്‍നിന്നുള്ള ദര്‍ശനമല്ലെങ്കില്‍ അതിനെ അവഗണിക്കുക.

7 സ്വപ്നങ്ങള്‍ അനേകരെ വഞ്ചിച്ചിട്ടുണ്ട്; അവയില്‍ ആശ്രയിച്ചവര്‍ പരാജയപ്പെട്ടിട്ടുണ്ട്.

8 അത്തരം വഞ്ചനകള്‍ കൂടാതെനിയമം നിറവേറ്റാം; സത്യസന്ധമായ ചുണ്ടുകളില്‍ വിജ്ഞാനത്തിനു പൂര്‍ണത ലഭിക്കുന്നു.

9 വിദ്യാസമ്പന്നന്‍ വളരെ കാര്യങ്ങള്‍ അറിയുന്നു; അനുഭവസമ്പന്നന്‍ വിവേകത്തോടെസംസാരിക്കുന്നു.

10 അനുഭവജ്ഞാനമില്ലാത്തവന് അറിവു കുറയും;

11 യാത്ര ചെയ്തിട്ടുള്ളവന്‍ കഴിവുറ്റവനാകുന്നു;

12 യാത്രയില്‍ ഞാന്‍ വളരെക്കാര്യങ്ങള്‍കണ്ടിട്ടുണ്ട്; പ്രകടിപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍കൂടുതല്‍ ഞാന്‍ ഗ്രഹിക്കുന്നു.

13 ഞാന്‍ പലപ്പോഴും മാരകമായഅപകടങ്ങളില്‍ പെട്ടിട്ടുണ്ട്; എന്നാല്‍, അനുഭവജ്ഞാനം എന്നെ രക്ഷിച്ചു.

14 ദൈവഭക്തന്റെ ജീവന്‍ നിലനില്‍ക്കും;

15 അവന്റെ പ്രത്യാശ അവന്റെ രക്ഷകനിലാണ്.

16 കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അധീരനാവുകയോ ഭീരുത്വം പ്രകടിപ്പിക്കുകയോ ഇല്ല; അവിടുന്നാണ് അവന്റെ പ്രത്യാശ.

17 ദൈവഭക്തന്റെ ആത്മാവ്അനുഗൃഹീതമാണ്;

18 തന്റെ ആശ്രയം അവന്‍ അറിയുന്നു.

19 തന്നെ സ്‌നേഹിക്കുന്നവരെ കര്‍ത്താവ് കടാക്ഷിക്കുന്നു; അവിടുന്ന് ശക്തമായ സംരക്ഷണവുംഉറപ്പുള്ള താങ്ങും, ചുടുകാറ്റില്‍ അഭയ കേന്ദ്രവും, പൊരിവെയിലില്‍ തണലും, ഇടറാതിരിക്കാന്‍ സംരക്ഷണവും,വീഴാതിരിക്കാന്‍ ഉറപ്പും ആണ്.

20 അവിടുന്ന് ആത്മാവിനെ ഉത്തേജിപ്പിച്ച്കണ്ണുകളെ പ്രകാശിപ്പിക്കുന്നു; അവിടുന്ന് സൗഖ്യവും ജീവനും അനുഗ്രഹവും പ്രദാനം ചെയ്യുന്നു

21 അന്യായസമ്പത്തില്‍നിന്നുള്ളബലി പങ്കിലമാണ്;

22 നിയമനിഷേധകന്റെ കാഴ്ചകള്‍സ്വീകാര്യമല്ല.

23 ദൈവഭക്തിയില്ലാത്തവന്റെ ബലികളില്‍ അത്യുന്നതന്‍ പ്രസാദിക്കുന്നില്ല; അവന്‍ എത്ര ബലി അര്‍പ്പിച്ചാലും അവിടുന്ന് പ്രസാദിക്കുകയോ പാപമോചനം നല്‍കുകയോ ഇല്ല.

24 ദരിദ്രന്റെ സമ്പത്തു തട്ടിയെടുത്ത്ബലിയര്‍പ്പിക്കുന്നവന്‍ പിതാവിന്റെ മുമ്പില്‍വച്ചു പുത്രനെകൊല്ലുന്നവനെപ്പോലെയാണ്.

25 ദരിദ്രന്റെ ജീവന്‍ അവന്റെ ആഹാരമാണ്; അത് അപഹരിക്കുന്നവന്‍ കൊലപാതകിയാണ്.

26 അയല്‍ക്കാരന്റെ ഉപജീവനമാര്‍ഗംതടയുന്നവന്‍ അവനെ കൊല്ലുകയാണ്;

27 വേലക്കാരന്റെ കൂലി കൊടുക്കാതിരിക്കുകരക്തച്ചൊരിച്ചിലാണ്.

28 ഒരുവന്‍ പണിയുന്നു; അപരന്‍ നശിപ്പിക്കുന്നു; അധ്വാനമല്ലാതെ അവര്‍ക്കെന്തു ലാഭം?

29 ഒരുവന്‍ പ്രാര്‍ഥിക്കുന്നു; അപരന്‍ ശപിക്കുന്നു; ആരുടെ ശബ്ദമാണ് കര്‍ത്താവ് ശ്രദ്ധിക്കുക?

30 മൃതശരീരത്തില്‍ തൊട്ടിട്ടു കൈ കഴുകിയവന്‍ വീണ്ടും അതിനെ സ്പര്‍ശിച്ചാല്‍കഴുകല്‍കൊണ്ട് എന്തു പ്രയോജനം?

31 പാപങ്ങളെപ്രതി ഉപവസിച്ചിട്ട്, വീണ്ടുംഅതു ചെയ്താല്‍ അവന്റെ പ്രാര്‍ഥന ആരു ശ്രവിക്കും? എളിമപ്പെടല്‍കൊണ്ട്അവന്‍ എന്തു നേടി?