പ്രഭാഷകൻ 40 Sirach 40

മനുഷ്യന്റെ ദയനീയാവസ്ഥ

1 ഓരോരുത്തര്‍ക്കും ധാരാളം ജോലിനിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മാതാവിന്റെ ഉദരത്തില്‍നിന്നുപുറത്തുവരുന്ന നിമിഷംമുതല്‍ സര്‍വരുടെയും മാതാവിന്റെ അടുത്തേക്കു മടങ്ങുന്നതുവരെ ആദത്തിന്റെ സന്തതികളുടെമേല്‍ഭാരമുള്ള നുകം വയ്ക്കപ്പെട്ടിരിക്കുന്നു.

2 അവരുടെ ഹൃദയചാഞ്ചല്യവും ഭയവുംഉത്കണ്ഠയും മരണദിനത്തെക്കുറിച്ചാണ്.

3 വിശിഷ്ടമായ സിംഹാസനത്തില്‍ഉപവിഷ്ടനായരാജാവുമുതല്‍ പൊടിയിലും ചാരത്തിലും കഴിയുന്ന എളിയവന്‍വരെ,

4 രാജകീയാങ്കിയും കിരീടവുംഅണിയുന്നവന്‍മുതല്‍ചാക്കുടുക്കുന്നവന്‍വരെ ഏവരും,

5 കോപം, അസൂയ, ആകുലത,അസ്വസ്ഥത, മരണഭീതി,ക്രോധം, മത്‌സരം എന്നിവയ്ക്ക്അധീനരായിത്തീരുന്നു; കിടക്കയില്‍ വിശ്രമിക്കുമ്പോള്‍നിശാനിദ്രഅവനു വിഭ്രാന്തി ഉളവാക്കുന്നു.

6 അവനു വിശ്രമം അല്‍പം മാത്രം ലഭിക്കുന്നു; ചിലപ്പോള്‍ അതുമില്ല. ഉറക്കത്തിലും ഉണര്‍ന്നിരിക്കുമ്പോഴെന്നതുപോലെ, യുദ്ധനിരയില്‍നിന്ന് ഓടിപ്പോന്നവനെപ്പോലെ, അവന്‍ ദുസ്‌സ്വപ്നങ്ങളാല്‍ അസ്വസ്ഥനാകുന്നു.

7 രക്ഷയോട് അടുക്കുമ്പോള്‍അവന്‍ ഞെട്ടിയുണരുകയും ദുസ്‌സ്വപ്നങ്ങളാണെന്ന് അറിയുമ്പോള്‍ വിസ്മയിക്കുകയും ചെയ്യുന്നു.

8 എല്ലാ ജീവികള്‍ക്കും - മനുഷ്യനുംമൃഗങ്ങള്‍ക്കും - പാപികള്‍ക്ക് ഏഴിരട്ടിയും-

9 മരണവും രക്തച്ചൊരിച്ചിലുംകലഹവും വാളും ആപത്തുംക്ഷാമവും പീഡനവുംമഹാമാരിയും വന്നുചേരുന്നു.

10 ഇവയെല്ലാം സൃഷ്ടിക്കപ്പെട്ടത്ദുഷ്ടര്‍ക്കുവേണ്ടിയാണ്; അവര്‍നിമിത്തം ജലപ്രളയവും ഉണ്ടായി.

11 മണ്ണില്‍നിന്നു വന്നതു മണ്ണിലേക്കുംജലത്തില്‍നിന്നു വന്നതുജലത്തിലേക്കും മടങ്ങുന്നു.

12 കൈക്കൂലിയും അനീതിയുംനിര്‍മാര്‍ജ്ജനം ചെയ്യപ്പെടും; വിശ്വസ്തത എന്നേക്കും നിലനില്‍ക്കും.

13 അനീതി പ്രവര്‍ത്തിക്കുന്നവന്റെ സമ്പത്ത് കുത്തിയൊഴുക്കുപോലെപെട്ടെന്ന് അപ്രത്യക്ഷമാകും; ഭയാനകമായ ഇടിമുഴക്കംപോലെ തകര്‍ന്നുപോകും.

14 ഔദാര്യശീലനു സന്തോഷം ലഭിക്കും; പാപികള്‍ നിശ്‌ശേഷം പരാജയപ്പെടും.

15 ദൈവഭയമില്ലാത്തവന്റെ സന്തതിഅധികം ശാഖ ചൂടുകയില്ല. വെറും പാറമേല്‍പടര്‍ന്നദുര്‍ബലമായ വേരുകളാണവര്‍.

16 ജലാശയതീരത്തിലോ, നദീതടത്തിലോ വളരുന്ന ഞാങ്ങണ ഏതു പുല്ലിനെയുംകാള്‍ വേഗത്തില്‍ പിഴുതെടുക്കാം.

17 കാരുണ്യം അനുഗ്രഹത്തിന്റെ ആരാമംപോലെയാണ്; ദാനധര്‍മം എന്നേക്കും നിലനില്‍ക്കുന്നു.

18 സ്വാശ്രയശീലനും അധ്വാനപ്രിയനുംജീവിതം മധുരമാണ്; നിധി ലഭിച്ചവന്‍ ഇവരെക്കാള്‍ ഭാഗ്യവാനാണ്.

19 സന്താനങ്ങളും താന്‍ നിര്‍മിച്ച നഗരവും ആണ് ഒരുവന്റെ പേരു നിലനിര്‍ത്തുന്നത്; നിഷ്‌കളങ്കയായ ഭാര്യ ഇവരണ്ടിനെയുംകാള്‍ വിലമതിക്കപ്പെടുന്നു.

20 വീഞ്ഞും സംഗീതവും ഹൃദയത്തെആനന്ദിപ്പിക്കുന്നു; ജ്ഞാനതൃഷ്ണ ഇവയെക്കാള്‍ ശ്രേഷ്ഠമത്രേ.

21 കുഴലും കിന്നരവും ഗാനമാധുരിവര്‍ധിപ്പിക്കുന്നു; ഇവയെക്കാള്‍ ആസ്വാദ്യമാണ് ഇമ്പമുള്ള മനുഷ്യസ്വരം.

22 പ്രസന്നതയും സൗന്ദര്യവുംകണ്ണിന് ആനന്ദം നല്‍കുന്നു; ഇവയെക്കാള്‍ ആനന്ദദായകമാണ്‌വയലിലെ ഇളംതളിരുകള്‍.

23 സുഹൃത്തോ സഹചാരിയോഎപ്പോഴും സ്വാഗതാര്‍ഹനാണ്; എന്നാല്‍, ഭാര്യാഭര്‍ത്താക്കന്‍മാരുടെസന്ദര്‍ശനം അതിനെക്കാള്‍ ഹൃദ്യമാണ്

24 സഹോദരരും സഹായകരുംവിഷമസന്ധികളില്‍ ഉപകരിക്കുന്നു; ദാനധര്‍മം ഇവരെക്കാള്‍ സുരക്ഷിതമായ അഭയമാണ്.

25 സ്വര്‍ണവും വെള്ളിയും പാദങ്ങളെഉറപ്പിച്ചു നിര്‍ത്തുന്നു; സദുപദേശം ഇവയെക്കാള്‍ ശ്രേഷ്ഠമാണ്.

26 ധനവും ബലവും ഹൃദയത്തെഉത്തേജിപ്പിക്കുന്നു; ദൈവഭക്തി ഇവയെക്കാള്‍ അഭികാമ്യമാണ്; അതുവഴി നഷ്ടം ഉണ്ടാകുന്നില്ല; ദൈവഭക്തന് അന്യസഹായം തേടേണ്ടതില്ല.

27 ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമം പോലെയാണ്; ഏതു മഹത്വത്തെയുംകാള്‍ നന്നായി അതു മനുഷ്യനെ ആവരണം ചെയ്യുന്നു,

28 മകനേ, ഭിക്ഷുവിനെപ്പോലെ ജീവിക്കരുത്; ഭിക്ഷാടനത്തെക്കാള്‍ മരണമാണ് ഭേദം.

29 ഒരുവന്‍ മറ്റൊരുവന്റെ ഭക്ഷണമേശയില്‍ ആശയര്‍പ്പിച്ചാല്‍ അവന്റെ അസ്തിത്വം ജീവിതമെന്നപേരിനു യോഗ്യമല്ല. അവന്‍ അന്യന്റെ ഭക്ഷണം കൊണ്ടുതന്നെത്തന്നെ മലിനമാക്കുന്നു; ബുദ്ധിമാനും സദുപദേശംലഭിച്ചവനും അത് ഒഴിവാക്കും.

30 നിര്‍ല്ലജ്ജന്റെ നാവിനു ഭിക്ഷാടനംമധുരമെങ്കിലും അവന്റെ ഉദരത്തില്‍ അഗ്‌നി ജ്വലിക്കുകയാണ്.