ഹോസിയാ 1 Hosea 1

ഹോസിയായുടെ മക്കള്‍

1 ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയാ എന്നിവര്‍ യൂദായുടെയും യോവാഷിന്റെ മകന്‍ ജറോബോവാം ഇസ്രായേലിന്റെയും രാജാക്കന്‍മാരായിരുന്ന കാലത്ത് ബേരിയുടെ മകന്‍ ഹോസിയായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.

2 ഹോസിയാവഴി കര്‍ത്താവ് നല്‍കിയ സന്‌ദേശത്തിന്റെ തുടക്കം - അവിടുന്ന് അരുളിച്ചെയ്തു: നീ പോയി ഒരു വേശ്യയെ വിവാഹം ചെയ്ത് അവളില്‍നിന്നു മക്കളെ നേടുക. കാരണം, ദേശം കര്‍ത്താവിനെ പരിത്യജിച്ചു വേശ്യാവൃത്തിയില്‍ മുഴുകിയിരിക്കുന്നു.

3 അവന്‍ പോയി ദിബ്‌ലായിമിന്റെ പുത്രിയായ ഗോമറിനെ പരിഗ്രഹിച്ചു. അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു.

4 കര്‍ത്താവ് ഹോസിയായോടു പറഞ്ഞു: അവനു ജസ്രേല്‍ എന്നു പേരിടുക. കാരണം, ജസ്രേലിലെ രക്തച്ചൊരിച്ചി ലിന് യേഹുവിന്റെ കുടുംബത്തെ താമസമെന്നിയേ ഞാന്‍ ശിക്ഷിക്കും. ഇസ്രായേല്‍ ഭവനത്തിന്റെ രാജത്വം ഞാന്‍ അവസാനിപ്പിക്കും.

5 അന്ന് ജസ്രേല്‍ത്താഴ്‌വരയില്‍ വച്ച് ഇസ്രായേലിന്റെ വില്ലു ഞാന്‍ ഒടിക്കും.

6 അവള്‍ വീണ്ടും ഗര്‍ഭം ധരിച്ച് ഒരു പുത്രിയെ പ്രസവിച്ചു. കര്‍ത്താവ് ഹോസിയായോട് അരുളിച്ചെയ്തു: നീ അവള്‍ക്കു കരുണ ലഭിക്കാത്തവള്‍ എന്നു പേരിടുക. കാരണം, ഞാന്‍ ഇസ്രായേല്‍ ഭവനത്തോട് ഇനി കരുണ കാണിക്കുകയോ അവരുടെ തെറ്റുകള്‍ ക്ഷമിക്കുകയോ ഇല്ല.

7 എന്നാല്‍, യൂദാഗോത്രത്തോടു ഞാന്‍ കരുണ കാണിക്കും. വില്ലോ വാളോയുദ്ധമോ കുതിരയോ കുതിരപ്പട്ടാളമോ അല്ല അവരുടെ ദൈവമായ കര്‍ത്താവുതന്നെ അവരെ രക്ഷിക്കും.

8 കരുണ ലഭിക്കാത്തവളുടെ മുലകുടി മാറിയപ്പോള്‍ ഗോമെര്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു.

9 കര്‍ത്താവ് അരുളിച്ചെയ്തു: അവന് എന്റെ ജനമല്ല എന്നു പേരിടുക. കാരണം, നിങ്ങള്‍ എന്റെ ജനമല്ല; ഞാന്‍ നിങ്ങളുടെ ദൈവവുമല്ല.

10 എങ്കിലും ഇസ്രായേല്‍ജനം കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ അപരിമേയവും സംഖ്യാതീതവുമാകും; നിങ്ങള്‍ എന്റെ ജനമല്ല എന്നു പറഞ്ഞതിനുപകരം ജീവിക്കുന്ന ദൈവത്തിന്റെ പുത്രര്‍ എന്ന് അവരെപ്പറ്റി പറയപ്പെടും.

11 യൂദായിലെയും ഇസ്രായേലിലെയും ജനം ഒന്നിച്ചുചേരും, അവര്‍ തങ്ങള്‍ക്കായി ഒരു തലവനെ നിയമിക്കും. അവര്‍ ദേശത്തു പടര്‍ന്ന് ഐശ്വര്യം പ്രാപിക്കും. ജസ്രേലിന്റെ ദിനം മഹത്വപൂര്‍ണമായിരിക്കും.