ആമോസ് 6 Amos 6

വ്യര്‍ഥമായ സുരക്ഷിതത്വം

1 സീയോനില്‍ സ്വസ്ഥത അനുഭവിക്കുന്നവരും സമരിയാഗിരിയില്‍ സുരക്ഷിതരും ജനതകളില്‍ അഗ്രഗണ്യരും ഇസ്രായേല്‍ ഭവനം സഹായാര്‍ഥം സമീപിക്കുന്നവരും ആയ നിങ്ങള്‍ക്കു ദുരിതം!

2 നിങ്ങള്‍ കാല്‍നെയില്‍ ചെന്നു നോക്കുവിന്‍. അവിടെനിന്ന് മഹത്തായ ഹമാത്തിലേക്കും ഫിലിസ്ത്യരുടെ ഗത്തിലേക്കും ചെല്ലുവിന്‍. അവ ഈ രാജ്യങ്ങളെക്കാള്‍ മെച്ചപ്പെട്ടവയോ? അതോ അവരുടെ ദേശം നിങ്ങളുടെതിനെക്കാള്‍ വിശാലമോ?

3 ആപദ്ദിനത്തെ അകറ്റിനിര്‍ത്താമെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അക്രമത്തിന്റെ വാഴ്ചയെ നിങ്ങള്‍ വിളിച്ചു വരുത്തുകയാണ്.

4 ദന്തനിര്‍മിതമായ തല്‍പങ്ങളില്‍, വിരിച്ച മെത്തകളില്‍, നിവര്‍ന്നു ശയിക്കുകയും ആട്ടിന്‍പറ്റത്തില്‍നിന്ന് കുഞ്ഞാടുകളെയും കാലിക്കൂട്ടത്തില്‍നിന്ന് പശുക്കിടാങ്ങളെയും ഭക്ഷിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!

5 വീണാനാദത്തോടൊത്ത് അവര്‍ വ്യര്‍ഥഗീതങ്ങള്‍ ആലപിക്കുന്നു; ദാവീദിനെപ്പോലെ അവര്‍ പുതിയ സംഗീതോപകരണങ്ങള്‍ കണ്ടുപിടിക്കുന്നു.

6 ചഷകങ്ങളില്‍ വീഞ്ഞുകുടിക്കുകയും വിശിഷ്ടലേപനങ്ങള്‍ പൂശുകയും ചെയ്യുന്ന അവര്‍ ജോസഫിന്റെ നാശം ഗണ്യമാക്കുന്നില്ല.

7 അതിനാല്‍, അവരായിരിക്കും ആദ്യം പ്രവാസികളാവുക. നിങ്ങളുടെ വിരുന്നും മദിരോത്‌സവവും അവസാനിക്കാറായി.

8 ദൈവമായ കര്‍ത്താവ് തന്റെ നാമത്തില്‍ സത്യം ചെയ്തിരിക്കുന്നു: യാക്കോബിന്റെ അഹങ്കാരം എനിക്ക് അറപ്പാണ്. അവന്റെ ശക്തിദുര്‍ഗങ്ങളെ ഞാന്‍ വെറുക്കുന്നു, നഗരത്തെയും അതിലുള്ള എല്ലാറ്റിനെയും ഞാന്‍ ശത്രുവിന് ഏല്‍പിച്ചു കൊടുക്കും. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:

9 ഒരു വീട്ടില്‍ പത്തുപേര്‍ ശേഷിച്ചാലും അവര്‍ മരിക്കും.

10 ശവദാഹം നടത്താന്‍ കടപ്പെട്ട ബന്ധു മൃതദേഹം സംസ്‌കരിക്കാന്‍ എടുത്തുകൊണ്ടുപോകുമ്പോള്‍, വീടിന്റെ ഉള്‍മുറിയില്‍ ഇരിക്കുന്നവനോട് നിന്നോടൊപ്പം ഇനി ആരെങ്കിലും ഉണ്ടോ എന്നു ചോദിക്കും. അവന്‍ മറുപടി പറയും: ഇല്ല. നാം കര്‍ത്താവിന്റെ നാമം ഉച്ചരിക്കരുത്.

11 ഇതാ, കര്‍ത്താവ് കല്‍പിക്കുന്നു. മാളിക കള്‍ തകര്‍ന്നടിയുന്നു. ചെറിയ വീടുകള്‍ ധൂളിയാകുന്നു.

12 പാറകളിലൂടെ കുതിര പായുമോ? കടലില്‍ കാള പൂട്ടുമോ? നിങ്ങള്‍ന്യായത്തെ വിഷമാക്കിക്കളഞ്ഞു. നീതിയുടെ ഫലത്തെ കാഞ്ഞിരമാക്കി.

13 നിങ്ങള്‍ലോദെബാറില്‍ ആഹ്ലാദിക്കുകയും ഞങ്ങളുടെ കഴിവുകളാല്‍ ഞങ്ങള്‍ കര്‍നായിം അധീനമാക്കി എന്നു പറയുകയും ചെയ്യുന്നു.

14 സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ഭവനമേ, നിനക്കെതിരായി മറ്റൊരു ജനതയെ ഞാന്‍ ഉയര്‍ത്തും. ഹമാത്തിലെ കവാടങ്ങള്‍ തുടങ്ങി അരാബായിലെ അരുവിവരെ അവര്‍ നിങ്ങളെ ഞെരുക്കും.